Sunday, August 7, 2011

മൂന്നാമത്തെ നാഴികക്കല്ല്.

ഞാന്‍ ബ്ലോഗ് ആരംഭിച്ച് ഈ വരുന്ന ആഗസ്റ്റ് 10 ന്ന് മൂന്ന് കൊല്ലം തികയുന്നു. '' റെക്കന്‍റേഷന്‍ ''' എന്ന പേരില്‍ ഒരു കഥയുമായിട്ടാണ് ബ്ലോഗിലെ എന്‍റെ അരങ്ങേറ്റം. '' മാണിക്കന്‍ '' എന്ന് പേരുള്ള വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ഒരു ചെറുപ്പക്കാരനായിരുന്നു ആ കഥയിലെ ഒരു കഥാപാത്രം . അതേ കഥാപാത്രത്തെ വെച്ച് 17 കഥകള്‍ എഴുതിയപ്പോഴാണ് അനുഭവക്കുറിപ്പുകള്‍ എഴുതണം എന്ന തോന്നല്‍ ഉണ്ടായത്. അങ്ങിനെ കഴിഞ്ഞ കാലത്തെ അനുഭവങ്ങള്‍ ബ്ലോഗില്‍ ഇടം പിടിച്ചു. പിന്നീട് ഇവ വെവ്വേറെ ബ്ലോഗുകളാക്കി മാറ്റി. ഇതിനകം 54 അനുഭവക്കുറിപ്പുകളും 46 മാണിക്കന്‍ കഥകളും ബ്ലോഗില്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു. '' പലതും ചിലതും '' എന്ന പേരിലുള്ള ഈ ബ്ലോഗിലും 21 പോസ്റ്റുകള്‍ ആയി കഴിഞ്ഞു.

ബ്ലോഗിലെ ഒന്നാം പിറന്നാള്‍ ആവുന്ന സമയത്താണ് '' ഓര്‍മ്മത്തെറ്റുപോലെ '' എന്ന പേരില്‍ ഒരു നോവല്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. 133 അദ്ധ്യായങ്ങളുള്ള ആ നോവല്‍ 2011 ഏപ്രില്‍ മാസത്തില്‍ മുഴുമിച്ചു. ഇപ്പോള്‍ '' നന്മയിലേക്ക് ഒരു ചുവടുവെപ്പ് '' എന്ന പേരില്‍ വേറൊരു നോവല്‍ പ്രസിദ്ധീകരിച്ചു വരുന്നു. ഇതിനകം 13 അദ്ധ്യായങ്ങള്‍ ബ്ലോഗില്‍ ഇടം പിടിച്ചു കഴിഞ്ഞു. മൂന്നാമത് ഒരു നോവല്‍ കൂടി എഴുതാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന നോവല്‍ തീരുന്ന മുറയ്ക്ക് അത് പബ്ലിഷ് ചെയ്യണമെന്നാണ് ഉദ്ദേശം.

അറുപതാം വയസ്സില്‍ തുടങ്ങിയ ബ്ലോഗെഴുത്ത് ഈശ്വര കടാക്ഷത്താല്‍ നിര്‍ബ്ബാധം തുടര്‍ന്നു പോവാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരുപാടുപേര്‍ എനിക്ക് പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി പറയുന്നതോടൊപ്പം തുടര്‍ന്നും എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.