Thursday, December 31, 2015

എന്നെക്കൊണ്ട് ഇതേ ആവൂ.

കുന്നിറങ്ങി വയല്‍വരമ്പത്തേക്ക് കയറിയ പാറുക്കുട്ടിയമ്മ വലിയ വീട്ടിലെ പടിപ്പുര കടന്നുപോവുന്ന ജാനകി അമ്മ്യാരെയാണ് കണ്ടത്. പതിവുപോലെ വലിയൊരു തൂക്കുപാത്രം അമ്മ്യാരുടെ കയ്യിലുണ്ട്. പലഹാരങ്ങള്‍  വിറ്റു മടങ്ങുന്ന വഴിയാണ്.

'' അശ്രീകരം '' പാറുക്കുട്ടിയമ്മ മനസ്സില്‍ പിറുപിറുത്തു '' ഈയിടെയായി പട്ടത്ത്യാര്‍ക്ക് കുറച്ചു ഗമ കൂടിയിട്ടുണ്ട്. ഏതോ വല്യേ കോവിലകത്തെ തമ്പുരാട്ടിയാണെന്നാ ഭാവം. മനുഷ്യരെ കണ്ടാല്‍ കണ്ണു മിഴിയില്ല ''.

പാറുക്കുട്ടിയമ്മയ്ക്ക് ഈര്‍ഷ്യ തോന്നാന്‍ തക്ക കാരണമുണ്ട്. ഈയിടെ മകളുടെ കുട്ടിക്കു കൊടുക്കാന്‍ നാലഞ്ചു മുറുക്ക് കടം ചോദിച്ചു. നാലാം പക്കം ശമ്പളം കിട്ടും, അപ്പോള്‍ കൊടുക്കാമെന്നു പറഞ്ഞിട്ടും '' റൊക്കം കാശിനേ കൊടുക്കൂ, കടം കൊടുക്കില്ല '' എന്നു പറഞ്ഞ് അമ്മ്യാര്‍ തന്നില്ല. ഭാഗ്യത്തിന്ന് ആരും അതു കണ്ടില്ല. അല്ലെങ്കില്‍ വല്ലാത്ത കുറച്ചിലായേനേ.

വലിയ വീടിന്‍റെ പടിപ്പുരയുടെ മുമ്പിലെത്തിയപ്പോള്‍ പാറുക്കുട്ടിയമ്മ ഒരുനിമിഷം ആലോചിച്ചു. തിരക്കിട്ട് വീട്ടിലെത്തേണ്ട കാര്യമൊന്നുമില്ല. ഒന്നു കയറി തറവാട്ടമ്മയെ കാണാം. കുറെ കാലമായി അവരെ കണ്ടിട്ട്.

'' എന്താ പാറുക്കുട്ട്യേ, നീ ഈ വഴിയൊക്കെ മറന്ന്വോ '' തറവാട്ടിലമ്മ അവരെ കണ്ടതും കുശലം ചോദിച്ചു.

'' എന്താ പറയ്യാ, ഒരു ദിക്കില് ചെന്ന് കുടുങ്ങി. ഒഴിവാവാന്‍ പറ്റണ്ടേ '' പാറുക്കുട്ടിയമ്മ പറഞ്ഞു തുടങ്ങി '' നമ്മടെ ഗോപാലമേനോന്‍റെ മകള് അമേരിക്കേന്ന് പ്രസവിക്കാന്‍ വന്നിരുന്നു. അവരുടെ സ്ഥിതിക്ക് ആരെ വേണച്ചാലും പണിക്ക് കിട്ടും. പക്ഷെ പാറുക്കുട്ടിയമ്മ തന്നെ മതി എന്ന് പെണ്ണിന്ന് ഒരേ വാശി. അവരൊക്കെ പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ കഴിയ്യോ. അങ്ങിനെ ചെന്നു കൂട്യേതാ. ഇന്നലെ അമ്പത്താറു കഴിഞ്ഞു. ഞാന്‍ മെല്ലെ ഒഴിവായി ''.

'' ഇരുപത്തെട്ടിന്ന് ക്ഷണിച്ചിരുന്നു. ഇവിടുന്ന് മകളാ പോയത് ''.

'' പറയുമ്പോലെ മകളെവിടെ. കണ്ടില്ലല്ലോ ''.

''  രണ്ടു ദിവസം ലീവല്ലേ. രാവിലെ അവളും ഭര്‍ത്താവും കുട്ടികളും കൂടി ഗുരുവായൂരിലേക്ക് പോയി. ഇനി നാളെ നോക്ക്യാല്‍ മതി. ഗുരുവായൂര് ചെന്നാല്‍ വാകച്ചാര്‍ത്ത് കാണാതെ അവള് മടങ്ങില്ല ''.

'' അപ്പൊ ഒറ്റയ്ക്കാണോ ''.

'' പണിക്കാരിപെണ്ണുണ്ട്. രാത്രി  അവളുടെ കെട്ട്യോന്‍ കാവലിന്ന് വരും ''. തറവാട്ടമ്മ തുടര്‍ന്നു '' നിനക്ക് തിരക്കില്ലെങ്കില്‍ ഇരിക്ക്. ഉച്ചത്തെ ഊണു കഴിഞ്ഞു പോവാം ''.

'' ആവായിരുന്നു. പക്ഷെ ചെന്നിട്ട് ചെറിയൊരു കാര്യം ​ഉണ്ട്. ചിന്നന്‍റെ കൂടെ ഒരു നറുക്ക് ചേര്‍ന്നത് ഉച്ചയ്ക്ക് എടുക്കും. പലകപ്പുറത്താ പണം. ഞാന്‍ ചെന്നില്ലെങ്കില്‍ അവന്‍ ഏതെങ്കിലും സേവക്കാര്‍ക്ക് കൊടുക്കും. എന്നിട്ട് ഇമ്രാളേ, ഈ പ്രാവശ്യൂം നിങ്ങള്‍ക്ക് കിട്ടീലാ എന്ന് പറയും ''.

'' അങ്ങിനെയാണെങ്കില്‍ ചായ കുടിച്ചിട്ടു പോയാല്‍ മതി. നീ വന്നാലേ എന്തെങ്കിലും നാട്ടുവര്‍ത്തമാനം അറിയൂ ''.

'' അങ്ങിന്യാച്ചാല്‍ അങ്ങിനെ '' അവര്‍  ചുമരും ചാരി നിലത്തിരുന്നു. സംഭാഷണം നീണ്ടുപോയി.ഇടയ്ക്ക് തറവാട്ടമ്മയ്ക്ക് ഹോര്‍ലിക്സ് കൊണ്ടുവന്ന പണിക്കാരി പാറുക്കുട്ടിയമ്മയ്ക്ക് ഒരുഗ്ലാസ്സ് ചായയും കൊണ്ടുവന്നു.

'' നീ ആ മുറുക്കിങ്ങോട്ട് എടുത്തിട്ടൂ വാ. പാറുക്കുട്ടിക്കും ഒന്ന് കൊടുക്ക് '' തറവാട്ടമ്മ കല്‍പ്പിച്ചു.  പണിക്കാരി രണ്ടുപേര്‍ക്കും മുറുക്കെത്തിച്ചു

'' മുറുക്ക് ഇവിടെ ഉണ്ടാക്ക്യേതാണോ '' ചായ ഊതിക്കുടിക്കുന്നതിന്നിടെ അറിയാത്ത മട്ടില്‍ പാറുക്കുട്ടിയമ്മ അന്വേഷിച്ചു.

'' അതിനൊക്കെ ആരാ ഉള്ളത്. ഇത് വില കൊടുത്തു വാങ്ങിയതാ ''.

'' പീടികേലൊക്കെ വലിയ വിലയാവും. ഉണ്ടാക്കുന്നതന്നെ ലാഭം ''.

'' ഇത് ആ അമ്മ്യാരടെ കയ്യിന്ന് വാങ്ങിയതാ. അവര് തൊള്ളേല് തോന്നിയ വിലയൊന്നും പറയാറില്ല. പിന്നെ പാവങ്ങളല്ലേ. എന്തെങ്കിലും അവര്‍ക്ക് കിട്ടിക്കോട്ടെ എന്നു വിചാരിച്ച് ഞാന്‍ അവര് വരുമ്പോഴൊക്കെ വല്ലതും വാങ്ങാറുണ്ട് ''.

'' ഏതാ ഈ അമ്മ്യാര് ''.

'' നിനക്ക് ജാനകി അമ്മ്യാരേ അറിയ്യോ ''

'' ഉവ്വ് ''

'' അവരുടേന്ന് വാങ്ങിയതാ ''.

'' അയ്യേ '' വിഷപ്പാമ്പിനെ എന്നതുപോലെ പാറുക്കുട്ടിയമ്മ ആ മുറുക്ക് താഴെവെച്ചു.

'' എന്താ പാറുക്കുട്ട്യേ '' തറവാട്ടമ്മ അമ്പരപ്പോടെ ചോദിച്ചു.

'' ആ അമ്മ്യാര് ഉണ്ടാക്കിയത് എനിക്കു വേണ്ടാ ''.

'' അതെന്താ അങ്ങിനെ ''.

'' അതു മാത്രം എന്നോട് ചോദിക്കരുത്. ഞാന്‍ പറയില്ല ''.

'' നല്ലതായാലും ചീത്തയായാലും നീ പറയ്. കേള്‍ക്കാതിരുന്നാല്‍ എനിക്ക് ഒരു മനസ്സമാധാനം കിട്ടില്ല ''.

'' സത്യം പറഞ്ഞാല്‍ അടിയന്‍റെ തലപോവും. ഇല്ലെങ്കില്‍ തമ്പ്‌രാന്‍ പട്ടിടെ ഇറച്ചി തിന്നും എന്നു പറഞ്ഞതുപോലെയായല്ലോ എന്‍റെ അവസ്ഥ ''.

'' നീ ഇങ്ങിനെ അവിടീം ഇവിടീം തൊടാതെ വല്ലതും പറഞ്ഞാല്‍ എനിക്ക് മനസ്സിലാവില്ല. ഉള്ള കാര്യം നേരെചൊവ്വേ പറയ് ''.

'' ഞാനായിട്ട് ഒരാളുടെ വയറ്റില്‍പ്പിഴപ്പ് മുടങ്ങ്വോലോ എന്ന് ഓര്‍ക്കുമ്പോ  സങ്കടം ഉണ്ട്. എന്നാലോ ഇവിടുത്തോട് ഉള്ള സത്യം മറച്ചു പിടിക്കാനും എന്നെക്കൊണ്ടാവില്ല. അതാ ഒരു മടി ''.

'' എന്നോട് പറഞ്ഞതോണ്ട് നിന്‍റെ തലയൊന്നും പോവില്ല. നീ ധൈര്യമായിട്ട് പറഞ്ഞോ ''.

'' പറയാം. പക്ഷെ സംഗതി മൂന്നാമതൊരാളുടെ ചെവിയില്‍ പെടരുത് ''.

'' അതുണ്ടാവില്ല. ഞാനാ പറയിണത് ''.

'' അതേയ്. ആ അമ്മ്യാരുടെ ഭര്‍ത്താവിന്ന് കുഷ്ഠത്തിന്‍റെ അസുഖം ഉണ്ട്. പുണ്ണുമാന്തിയ കൈകൊണ്ടന്നെ അയാള് മുറുക്കുചുറ്റും, പലഹാരങ്ങള്‍ ഉണ്ടാക്കും ചെയ്യും ''.

'' ഭൂ '' തറവാട്ടമ്മ വായിലിട്ട മുറുക്കിന്‍റെ കഷ്ണം മുറ്റത്തേക്ക് നീട്ടിത്തുപ്പി '' ഇനി ഒരു സാധനം അതിന്‍റെ കയ്യിന്ന് ഇവിടെ വാങ്ങില്ല ''.

'' എന്നെക്കൊണ്ട് ഇതേ ആവൂ. അതു ഞാന്‍ ചെയ്തു ''  പാറുക്കുട്ടിയമ്മ മനസ്സില്‍ പറഞ്ഞു. എന്തോ കടിച്ച് പട്ടരുടെ ദേഹത്ത് തിണര്‍പ്പ് വന്നതും അതിന്ന് ചികിത്സ നടത്തുന്നതും ഈ വിധത്തില്‍ അവതരിപ്പിക്കാനായ സന്തോഷവുമായിട്ടാണ്  അവര്‍ തറവാടിന്‍റെ പടിയിറങ്ങിയത്.